Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
reporter

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പോക്സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും, അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം ചെയ്തു. എങ്കില്‍പ്പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചോദ്യം ചോദിക്കാന്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചുകൂടായെന്ന് വിഡി സതീശന്‍ ചോദിച്ചു. സ്പീക്കറുടെ വിവേചനാധികാരം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ലൈംഗിക കുറ്റകൃത്യം നടന്നിട്ടും സര്‍ക്കാര്‍ ഒളിച്ചു വെക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇതു പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്?. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്തി. തൊണ്ടവേദനയും പനിയും കാരണം സഭയില്‍ നിന്നും വിട്ടു നിന്നതെന്നായിരുന്നു അന്നു നല്‍കിയ വിശദീകരണം.

 
Other News in this category

 
 




 
Close Window