Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കണം, ബോര്‍ഡുകള്‍ പിരിച്ചുവിടണം: ദേശീയ ബാലാവകാശ കമ്മിഷന്‍
reporter

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണം. മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കത്തയച്ചു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?' എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍ടിഇ) പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങള്‍ പ്രതികൂല സ്വാധീനം ചെലുത്തിയതായി ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പറഞ്ഞു.

മദ്രസകളെ ആര്‍ടിഇ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവ ഊന്നിപ്പറയുന്ന എന്‍സിപിസിആര്‍, ഈ വ്യവസ്ഥകള്‍ മദ്രസകളിലെ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനത്തിന് ഇടയാക്കരുതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മദ്രസകളുടെ പ്രാഥമിക ശ്രദ്ധ മതവിദ്യാഭ്യാസമാണെന്നും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക പാഠ്യപദ്ധതി തുടങ്ങിയ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവശ്യ ഘടകങ്ങള്‍ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യധാരാ സ്‌കൂളുകളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും എന്‍സിപിസിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണ പദ്ധതികളിലേക്കുള്ള പ്രവേശനം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

ധാരാളം മുസ്ലീം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്, ഏകദേശം 1.2 കോടി മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും UDISE 2021-22 ഡാറ്റയെ അടിസ്ഥാനമാക്കി എന്‍സിപിസിആര്‍ പറയുന്നു. മദ്രസകളില്‍ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്നു. നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കയറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window