Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Nov 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം, അജിത് പവാര്‍ ക്യാംപിലെത്തിക്കാന്‍ തോമസ് കെ. തോമസിന്റെ നീക്കം
reporter

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രി മാറ്റ നീക്കം നടക്കുന്നതിനിടെ, തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം. ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഇക്കാര്യം ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആന്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. എല്‍ഡിഎഫിന്റെ ഭാഗമായിട്ടാണ് ജയിച്ചതെന്നും, അതു വിട്ട് എങ്ങോട്ടുമില്ലെന്നും ആന്റണി രാജു അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇത്തരമൊരു നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഴ വാഗ്ദാനം നല്‍കിയെന്ന വാര്‍ത്ത ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവായ കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു. ഇത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറയുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആരോപണം തള്ളാത്ത ആന്റണി രാജു, യഥാസമയം വിവരങ്ങള്‍ പുറത്തു വരുമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു. അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്നും തോമസ് കെ തോമസ് പറഞ്ഞു. ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ തോമസ് മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ആരോപണം തോമസ് കെ തോമസ് ശരദ്പവാറിനോടും നിഷേധിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window