തിരുവനന്തപുരം: നിരത്തുകള്‍ ചോരക്കളമാക്കുന്നതില്‍ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയാണ്. ഏകാഗ്രത നഷ്ടം, പ്രശ്നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലമായി സംഭവിക്കുന്നു. ഡ്രൈവിങ് വളരെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഒരു പ്രവര്‍ത്തിയാണെന്ന്. ഒരു നിമിഷത്തെ അശ്രദ്ധ തന്നെ ഒരു ജീവന്റെ വില നല്‍കുന്ന നിരത്തുകളില്‍ അപ്പോള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു വാഹനം ഓടിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചുകൂടെ എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
ഇത്തരക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 പ്രകാരമാണ് കേസെടുക്കുന്നത്. കേസ് വളരെ വേഗത്തില്‍ പിഴയൊടുക്കി തീര്‍ക്കാനാകുന്നതല്ല. കോടതികളാണ് ഇതിന്മേലുള്ള ശിക്ഷ വിധിക്കുന്നത്. അതോടൊപ്പം മോട്ടോര്‍ വാഹന വകുപ്പ് ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും. IDP (International Driving Permit) പോലുള്ള ആവശ്യങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ IDP യോടൊപ്പം ഹാജരാക്കേണ്ട Driving License Particulars ല്‍ ഇത്തരത്തില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഒരുപക്ഷേ നിങ്ങളുടെ വിദേശ ജോലി എന്നൊരു സ്വപ്നത്തിന് തന്നെ ഇത് തടസമാക്കും.- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.