തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയിയോട് ഡിജിപി നിര്‍ദേശിച്ചു. ക്വട്ടേഷന്‍ നല്‍കിയതിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. അക്ഷര തെറ്റ് വന്നതിനാല്‍ മുന്‍പ് മാറ്റിവെച്ച മെഡലുകള്‍ വീണ്ടും വിതരണം ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതടക്കം അന്വേഷണപരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ വിവരം ഉടന്‍ മേലധികാരികളെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റ് കടന്നുകൂടിയതായാണ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം മുന്‍പ് മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത ഇതേ ഏജന്‍സി വിതരണം ചെയ്ത മെഡലുകളിലും അക്ഷരത്തെറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അക്ഷരതെറ്റ് കണ്ടെത്തിയ മെഡലുകള്‍ക്ക് പകരം പുതിയ മെഡലുകള്‍ ഏജന്‍സി വിതരണം ചെയ്തു. അന്ന് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ മെഡലുകള്‍ ഇത്തവണ വിതരണം ചെയ്ത മെഡലുകളില്‍ കടന്നുകൂടിയതായുള്ള സംശയമാണ് ബലപ്പെടുന്നത്.
ഓഗസ്റ്റ് 15നാണ് മെഡലുകള്‍ പ്രഖ്യാപിച്ചത്. ഇത് നവംബര്‍ ഒന്നിനാണ് പതിവായി വിതരണം ചെയ്യുന്നത്. മെഡലുകള്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ നടപടികള്‍ തേടേണ്ടതാണ്. എന്നാല്‍ ഒക്ടോബര്‍ 23നാണ് ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏജന്‍സിയെ ഏല്‍പ്പിച്ചത്. 29നാണ് മെഡലുകള്‍ ഏജന്‍സി വിതരണം ചെയ്തത്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും മെഡലുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അപ്പോള്‍ സ്റ്റോക്ക് ഉണ്ടായ അക്ഷര തെറ്റ് സംഭവിച്ച മെഡലുകളും കുറച്ച് അച്ചടിച്ച മെഡലുകളുമാണ് വിതരണം ചെയ്തിരിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.