പാലക്കാട്: അപമാനം നേരിട്ട പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്നു വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
തങ്ങള്‍ ഒരുമിച്ച് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ അഭിപ്രായം സന്ദീപ് വാര്യര്‍ തള്ളി. 'നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. കൃഷ്ണകുമാര്‍ ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?. എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല' എന്നും കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.
'കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നത് സത്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേരുന്നു' എന്നും കുറിപ്പില്‍ പറയുന്നു.