കണ്ണൂര്‍: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്നും ഇത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
'മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല.ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' - പി പി ദിവ്യ കുറിച്ചു.
തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പച്ചെന്നും തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന തരത്തിലുമാണ് ദിവ്യക്കെതിരെ വാര്‍ത്തകള്‍ പ്രചരിച്ചത്. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ ദിവ്യ അതൃപ്തി അറിയിച്ചെന്ന താരത്തിലായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പിപി. ദിവ്യയെ പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്.