കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദം ഹനിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും. സമരപ്പന്തലില്‍ ബിജെപി, എല്‍ഡിഎഫ്, മുസ്ലീം സഹോദരങ്ങള്‍, യുഡിഎഫ് തുടങ്ങി എല്ലാവരും വരുന്നുണ്ട്. എല്ലാവര്‍ക്കും ഇടം അവിടെ കൊടുക്കുന്നുണ്ട്. അത് വേറെയൊരു സ്ഥലമായിരുന്നെങ്കില്‍ എല്ലാം ബുദ്ധിമുട്ടിലാകുമായിരുന്നില്ലേ. നമ്മള്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് എതിരല്ല. നീതിയുടെ പക്ഷം നമ്മുക്ക് കിട്ടണം എന്ന് മാത്രമാണ് പറയുന്നത്. കേരളം രാഷ്ട്രീയപരമായി സെന്‍സിറ്റീവായ സംസ്ഥാനമാണെന്ന് അറിയാം. ഈ വിഷയത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ടാകാം. ഞങ്ങള്‍ എല്ലാ ദിവസവും സമര സ്ഥലത്ത് പോകുന്നവരാണ്. എവിടെ നിന്നാണ് ഇതിന് ഒരു പരിഹാരം കിട്ടുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. നമ്മളിപ്പോള്‍ എല്ലാം സന്തുലിതമായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന് (കെആര്‍എല്‍സിസി) ഒരു രാഷ്ട്രീയ നയരേഖ തന്നെയുണ്ട്. പ്രശ്‌നാധിഷ്ഠിത സമദൂര സിദ്ധാന്തം, ഇങ്ങനെയൊരു സമദൂര സിദ്ധാന്തമാണ് നമ്മുക്കുള്ളത്. ആ രീതിയില്‍ തന്നെ പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
നീതിയ്ക്ക് വേണ്ടി ആരുടെ പിന്തുണ കിട്ടിയാലും നമ്മളത് സ്വീകരിക്കും. ബിജെപി ഇതില്‍ ആദ്യം മുതല്‍ ഇടപെട്ടു എന്ന് പറയാനാകില്ല. കാരണം പ്രദേശവാസികള്‍, സിപിഎം എംഎല്‍എ ഉണ്ണികൃഷ്ണന്‍ ഇവരൊക്കെ ഇതില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നവരാണ്. വഖഫ് നടത്തുക എന്നത് ബിജെപിയുടെ ഒരു നയമാണ്. അതിനാലാണ് ബിജെപി നേതാക്കളും അനുഭാവികളും ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചത്. നമ്മുക്കാവശ്യം പാര്‍ട്ടിയുടെ കൂടെയോ പ്രസ്ഥാനത്തിന്റെ കൂടെയോ നില്‍ക്കുക എന്നുള്ളതല്ല, ഇവിടെയുള്ള ആളുകള്‍ക്കുള്ള അവരുടെ അവകാശം സാധിച്ചു കൊടുക്കുക എന്നുള്ളതാണ്. വഖഫിന്റെ കാര്യം തീരുമാനിക്കേണ്ടത് സഭയല്ല. അത് ഗവണ്‍മെന്റ് ശരിയായ രീതിയില്‍ ഓരോ പൗരനും അവരുടേതായ രീതില്‍ അവര്‍ ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്. അതിനകത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ച് പറഞ്ഞു കൊടുക്കാന്‍ പറ്റും. അല്ലാതെ വഖഫുമായി ബന്ധപ്പെട്ട് ഇതാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റത്തില്ല. ഇവിടുത്തെയാളുകള്‍ക്ക് നീതി കിട്ടുന്നതുവരെ കൂടെയുണ്ടാകും. വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത് ബിജെപിയാണ്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയല്ല, ഇന്ത്യയൊട്ടാകെ. കേരളത്തിലെ ബിജെപിയുടെ സ്‌റ്റൈല്‍ ആയിരിക്കില്ല, നോര്‍ത്തിന്ത്യയിലെ ബിജെപിയുടെ സ്‌റ്റൈല്‍. അതൊക്കെ മനസിലാക്കാന്‍ കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധതയുള്ള ജനങ്ങള്‍ക്ക് സാധിക്കും.- അംബ്രോസ് പുത്തന്‍ വീട്ടിലും റോക്കി റോബി കളത്തിലും പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇരുവരും.