തിരുവനന്തപുരം: കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ... എന്ന മുന വെച്ച പരാമര്‍ശവുമായി കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ്. ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. 'ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!' എന്ന് പോസ്റ്റില്‍ പറയുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പോസ്റ്റ്.