ലഖ്നൗ: വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വ്യത്യസ്തമാക്കുന്നത് ഇപ്പോള്‍ പതിവ് രീതിയാണ്. അതിനായി ഏതറ്റം വരെ പോകാനും ചിലര്‍മടി കാണിക്കില്ല. അത്തരമൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹഘോഷയാത്രയക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞായിരുന്നു ഇവരുടെ ആഘോഷം. ആഘോഷത്തിനെത്തിയവര്‍ക്കും കണ്ടുനിന്നവര്‍ക്കും കൈനിറയെ പണവുമായി വീട്ടിലേക്ക് മടങ്ങാനായി. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി വരന്റെ വീട്ടുകാര്‍ ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലായിരുന്നു ഇത്തരമൊരു വിവാഹാഘോഷം നടന്നത്.
വിവാഹഘോഷയാത്രയ്ക്കിടെ സമീപത്തെ വീടുകളിലെ ടെറസുകളില്‍ കയറി നിന്നും ജെസിബിക്ക് മുകളില്‍ കയറി നിന്നുമാണ് വരന്റെ ബന്ധുക്കള്‍ കടലാസ് കണക്കെ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വായുവില്‍ പറന്നുനടക്കുന്നത് വീഡിയോയില്‍ കാണാം. ഇത് എടുക്കാനായി ഗ്രാമീണര്‍ തിരക്ക് കൂട്ടുന്നതും വീഡിയോയില്‍ കാണാം.