Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മത്സരിക്കാനില്ലെന്ന് അവസാനം വരെ കൃഷ്ണകുമാര്‍ പറഞ്ഞു, സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിച്ച്
reporter

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആവശ്യമായ തിരുത്തലുകളുണ്ടാകും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ബൂത്തു തലത്തില്‍ വരെ ശരിയായ വിശകലനം നടത്തും. പാലക്കാട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്ന തലത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി കോര്‍ കമ്മിറ്റി കുമ്മനം രാജശേഖരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച് മൂന്നു പേരുകളുടെ പട്ടിക നല്‍കി. ഈ മൂന്നു പേരുകളും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റിയോഗം നാലുമണിക്കൂറോളം വിശദമായ ചര്‍ച്ച നടത്തി. നിര്‍ദേശം ഉയര്‍ന്ന മൂന്നുപേരില്‍ രണ്ടുപേര്‍ മത്സരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ചു.

ഈ നോട്ടോടുകൂടിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വത്തിന് അയച്ചത്. ഇതില്‍ മൂന്നു പേരുകളും ഉള്‍പ്പെട്ടിരുന്നു. നരേന്ദ്രമോദി, ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതെങ്കിലും വ്യക്തി നടത്തുന്ന പതിവ് ബിജെപിയില്‍ ഇല്ല. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ആള്‍ അവസാന നിമിഷം വരെ എന്നെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സി കൃഷ്ണകുമാര്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നു എന്നത് തെറ്റാണ്. അദ്ദേഹം പാലക്കാട് ഇതുവരെ മത്സരിച്ചിട്ടില്ല. ലോക്സഭയിലേക്കും, നഗരസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. പിന്നെ മലമ്പുഴയിലുമാണ് മത്സരിച്ചത്. മലമ്പുഴയില്‍ 3000 ല്‍ നിന്നും 50,000 ലേക്ക് വോട്ടു വര്‍ധിപ്പിച്ചയാളാണ് കൃഷ്ണകുമാര്‍. അമിതമായ വിജയപ്രതീക്ഷ പുലര്‍ത്തിയെന്നാണ് കോണ്‍ഗ്രസുകാര്‍ വിമര്‍ശിക്കുന്നത്. തെരഞ്ഞെടു്പപില്‍ വിജയപ്രതീക്ഷ പുലര്‍ത്താതെ ആരെങ്കിലും മത്സരിക്കുമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മതഭീകരവാദ ശക്തികള്‍ കക്ഷി വ്യത്യാസമില്ലാതെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ തോല്‍പ്പിക്കാന്‍ ഒരു സമുദായത്തെ സ്വാധീനിക്കുന്നു. വര്‍ഗീയതയുമായി സന്ധിചേര്‍ന്നുള്ള രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. തീവ്രവാദ സംഘടനകളുമായി എല്‍ഡിഎഫിനും യുഡിഎഫിനും ബന്ധമുണ്ട്. മുനമ്പത്ത് ഈ പാര്‍ട്ടികള്‍ സ്വീകരിച്ച നില എല്ലാവരും കണ്ടതാണ്. ന്യൂനപക്ഷം എന്നാല്‍ ഒരു സമുദായം മാത്രമേ ഉള്ളൂ എന്ന നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ മാത്രമല്ല, മറ്റൊരു ന്യൂനപക്ഷ സമുദായത്തെക്കൂടി 30 ശതമാനം വോട്ടിനു വേണ്ടി ഇരു മുന്നണികളും തള്ളിക്കളഞ്ഞിരിക്കുകയാണ്.

പാലക്കാട്ടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകള്‍ എല്ലാം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്. അതു മറികടന്ന് എന്തെങ്കിലും പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കും. വി മുരളീധരനെയും തന്നെയും തമ്മില്‍ തെറ്റിക്കാനാണ് ശ്രമമെങ്കില്‍ അതിന് നോക്കേണ്ട. സ്ഥാനത്തു തുടരണോ, സ്ഥാനമൊഴിയണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. അതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അതില്‍ വ്യക്തിതാല്‍പ്പര്യത്തിന് ഇടമില്ല. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടണം. താന്‍ നിക്കണോ പോകണോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window