കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.
മര്‍ദ്ദനമേറ്റ ഗുരുതര പരിക്കുകളോടെ ഇന്നലെ രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും രാഹുല്‍ മര്‍ദിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പറഞ്ഞു. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു.
മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നു മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതി നല്‍കിയ ആദ്യ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതിയെ പരിക്കേറ്റ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്നു നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിനു കേസെടുത്തത്. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ അടുത്തിടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.