ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. ഷാഹി ഈദ്ഹാഗ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് തീരുമാനമാകുന്നതു വരെ നടപടികള്‍ പാടില്ലെന്നാണ് വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. സര്‍വേക്കെതിരായ ആക്ഷേപവുമായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പള്ളിക്കമ്മറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് കമ്മീഷണറുടെ സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സൂക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു ഫയലും തല്‍ക്കാലം തുറന്നുപരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇതിനായി ഇരുസമുദായങ്ങളിലും പെട്ട ആളുകളെ ഉള്‍പ്പെടുത്തി സമാധാനക്കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗം ഹര്‍ജി ഫയല്‍ ചെയ്താല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി ആറിലേക്ക് മാറ്റി. അതിനിടെ, ജുമാമസ്ജിദ് മസ്ജിദ് ക്ഷേത്രം ഉണ്ടായിരുന്നെന്ന അവകാശവാദത്തില്‍ 10 ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷണറോട് സംഭാല്‍ കോടതി നിര്‍ദേശിച്ചു. കമ്മീഷണര്‍ രാകേഷ് സിങ് രാഘവിനോട് സിവില്‍ ജഡ്ജ് ആദിത്യ സിങ് ആണ് ഉത്തരവ് നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ തീയതി ജനുവരി 8 ആയി നിശ്ചയിച്ചതായി കോടതി വ്യക്തമാക്കി. സര്‍വേക്കെതിരായ പ്രതിഷേധം സംഭാലില്‍ അക്രമവും കലാപവുമായി മാറിയിരുന്നു.