ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ കാന്റ് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് സ്റ്റാന്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 150ലധികം ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി പ്ലാറ്റ്ഫോം പാര്‍ക്കിങിലാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
വിവരം അറിഞ്ഞയുടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ പൊലീസ് എന്നിവരും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ ലാല്‍ജി ചൗധരി ഖേദം പ്രകടിപ്പിച്ചു. തീപിടിത്തം മൂലം വന്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.