ശബരിമല: മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍, മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും പറഞ്ഞു. ഇത് ആചാരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. 'മഞ്ഞള്‍പ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങള്‍ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നതും പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും'- പ്രശാന്ത് പറഞ്ഞു.
അതിനിടെ സന്നിധാനത്ത് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ ദര്‍ശനം നടത്തിയത് 18,216 പേര്‍. ശനിയാഴ്ച ആയതിനാല്‍ ദര്‍ശനത്തിനു തിരക്ക് കൂടി. നാളെയും തിരക്കു വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. വെള്ളിയാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുമ്പോള്‍ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കു താഴെ വരെ ഉണ്ടായിരുന്നു. രാത്രി നട അടച്ചശേഷം ഇവരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചു. പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം ഇവര്‍ വടക്കേ നട വഴി സോപാനത്ത് എത്തി ദര്‍ശനം നടത്തി.