തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സംസ്ഥാനത്തെ വഞ്ചിച്ച ടീകോം കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്തുവര്‍ഷക്കാലം നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെ വഞ്ചിച്ച ടീകോമിനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം, അവര്‍ക്ക് അങ്ങോട്ട് ഖജനാവിലെ പണം നല്‍കുന്നതിനെ ആര്‍ക്ക് അംഗീകരിക്കാന്‍ കഴിയും ?. നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരാര്‍ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുകയും, സര്‍ക്കാര്‍ ടീകോമില്‍ നിന്നും പണം ഈടാക്കുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം അവര്‍ക്ക് അങ്ങോട്ട് പണം കൊടുക്കുന്നത് വന്‍ അഴിമതിക്ക് വഴിവെക്കും. അതിനാല്‍ ഈ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ടീകോം കമ്പനിക്ക് നല്‍കിയ 246 ഏക്കര്‍ ഭൂമി തിരിച്ചെടുത്തിട്ട് സര്‍ക്കാര്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം.
ഈ നീക്കങ്ങളിലെ ഒന്നാമത്തെ സാക്ഷി ബാജു ജോര്‍ജാണ്. ടീകോം കമ്പനിയുടെ പ്രതിനിധിയായി കരാറില്‍ ഒപ്പിട്ട ബാജു ജോര്‍ജ്, ഇപ്പോള്‍ വഴിയോര കമ്പനിയുണ്ടാക്കി വന്‍ തുക ശമ്പളം നല്‍കി നിര്‍ത്തിയിരിക്കുകയാണ്. ടീകോമിന്റെ പ്രതിനിധിയായി ഒപ്പിട്ട ആ വ്യക്തിയെയാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്ന സമിതിയില്‍ അംഗമാക്കിയത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?. ഇത് ടീകോമുമായുള്ള വലിയ കള്ളക്കളിയാണ്, അഴിമതിയാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കരാറില്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അന്ന് ഐടി വകുപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ടീകോമിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ്. കരാര്‍ ലംഘനം നടത്തിയവര്‍ക്ക് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കുന്നത് ആദ്യമായിട്ട് കേള്‍ക്കുകയാണ്. ഇത് സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമല്ലല്ലോ?. ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു. ടീകോമിന്റെ പക്കല്‍ നിന്നും തിരിച്ചു പിടിക്കുന്ന ഏക്കറു കണക്കിന് ഭൂമി ആര്‍ക്കോ കൊടുക്കാന്‍ ചിലര്‍ പ്ലാനിട്ടു കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയാണ്. ടീകോമുമായി ചേര്‍ന്നുള്ള കള്ളക്കളിയാണ്. ബന്ധപ്പെട്ട വകുപ്പുകളൊന്നും അറിയാതെ ഇത് മന്ത്രിസഭായോഗത്തില്‍ വരില്ലല്ലോ?. കാബിനറ്റ് തീരുമാനം തിരുത്തേണ്ടതാണ്. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.