കൊച്ചി: ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നത് ഫ്‌ളക്‌സ് കാണാനല്ല ഭഗവാനെ ദര്‍ശിക്കാനാണെന്ന് ഹൈക്കോടതി. ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് വച്ച സംഭവത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം. ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് അന്നദാനമൊരുക്കിയത് അഭിവാദ്യമര്‍പ്പിച്ചുവച്ച ഫ്‌ളക്‌സിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്വമേധന എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷേത്രം ഫ്‌ളക്‌സ് വയ്ക്കാനുള്ള സ്ഥലമാണോയെന്ന് കോടതി ചോദിച്ചു. ഭക്തരില്‍ നിന്ന് പിരിക്കുന്ന പണംം കൊണ്ടല്ലേ ഇത് ചെയ്യുന്നത്. ക്ഷേത്രോപദേശക സമിതിയാണ് ഫ്‌ളക്‌സ് വച്ചതെന്ന വാദത്തോട് സമിതിയുടെ പണി ഇതല്ലെന്നും തീര്‍ത്ഥാടനം സുഗമമാക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.