ചെന്നൈ: ശ്രീവില്ലിപൂത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ തടഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജ. ക്ഷേത്രദര്‍ശനത്തിനെത്തിയ ഇളയ രാജയെ അര്‍ഥ മണ്ഡപത്തില്‍ കയറുന്നതില്‍ നിന്നാണ് അധികൃതര്‍ തടഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയായിരുന്നു പിന്നാലെയാണ് പ്രതികരണം. എക്‌സിലൂടെയാണ് അദ്ദേഹം വിവാദത്തില്‍ വ്യക്തത വരുത്തിയത്. 'ഞാനുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ചിലര്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല ഞാന്‍. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. നടക്കാത്ത കാര്യങ്ങള്‍ നടന്ന പോലെയാണ് ചിലരെല്ലാം ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്'- ഇളയരാജ എക്‌സില്‍ കുറിച്ചു.
ശ്രീവില്ലിപൂത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് പെരിയ പെരുമാള്‍ ക്ഷേത്രം,നന്ദാവനം തുടങ്ങിയവയില്‍ അദ്ദേഹം ദര്‍ശനം നടത്തി. ഇതിനു പിന്നാലെ ആണ്ടാള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള അര്‍ത്ഥമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍നിന്നാണ് തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അര്‍ത്ഥമണ്ഡപത്തിന് പുറത്തു നിന്ന് പ്രാര്‍ത്ഥന നടത്തി. ക്ഷേത്രത്തിലെത്തിയ ഇളയരാജയെ പുരോഹിതന്മാര്‍ മാല അണിയിച്ചു ആദരിച്ചു. ഇളയരാജയെ തടഞ്ഞതില്‍, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. അര്‍ഥ മണ്ഡപത്തില്‍ പുരോഹിതര്‍ക്കു മാത്രമാണ് പ്രവേശനം എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ജാതി അധിക്ഷേപമാണ് നടന്നതെന്നായിരുന്നു മറു ഭാ?ഗത്തിന്റെ പ്രതികരണം.