82-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ഇന്ത്യയ്ക്ക് നിരാശ. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രത്തിന് പുരസ്‌കാരം ഇല്ല. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രം 'എമീലിയ പെരെസ്' ആണ് നേടിയത്. മികച്ച സംവിധാനത്തിന് 'ദ ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലൂടെ ബ്രാഡി കോര്‍ബറ്റ് പുരസ്‌കാരം നേടി.
കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച ചിത്രമാണിത്. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'ഗ്രാന്‍ഡ് പ്രി' പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തില്‍ നഴ്‌സുമാരുടെ വേഷത്തില്‍ എത്തിയത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.