തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വകുപ്പു തല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്നാണ് കണ്ടെത്തല്‍.
ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് വിവാദമായത്. പിന്നാലെ ഗോപാലകൃഷ്ണന്‍ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു.
വിവാദത്തില്‍ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകള്‍ പാകി. ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ മെമ്മോയിലുണ്ടായിരുന്നു. എന്നാല്‍ വകുപ്പു തല അന്വേഷണത്തില്‍ കുറ്റം തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്തത്.