തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്. വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു. കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ അമ്മ കോടതിയില്‍ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ പ്രിയ പ്രതികരിച്ചു. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരന്‍ പറഞ്ഞു. തൂക്കുകയര്‍ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. മുല്ലൂര്‍ ശാന്തകുമാരി കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഫീഖ ബീവിയാണ് വധശിക്ഷ കാത്തു കഴിയുന്ന മറ്റൊരാള്‍. രണ്ടു ശിക്ഷാവിധിയും പ്രസ്താവിച്ചത് നെയ്യാറ്റിന്‍കര കോടതിയാണ്. സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നത്. തൂക്കുകയര്‍ വിധിക്കപ്പെട്ട 40-മത്തെ പ്രതിയാണ് ഗ്രീഷ്മ. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗ്രീഷ്മ ചെയ്തത് സമര്‍ഥമായ കൊലപാതകമാണ്. ആന്തരികാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചത്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും തൂക്കുകയര്‍ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.