ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. ദരിദ്രരുടെ കുടിലുകളില്‍ ഫോട്ടോ സെഷന്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായി തോന്നും, അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ എനിക്ക് 14ാം തവണയും അവസരം നല്‍കിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ജനങ്ങളോട് ഞാന്‍ ആദരപൂര്‍വ്വം നന്ദി പറയുന്നു,' മോദി പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ സമ്പാദ്യം 'ശീഷ് മഹല്‍ നിര്‍മ്മിക്കാന്‍' വേണ്ടിയല്ല, രാജ്യം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. കേന്ദ്രം രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് 'തെറ്റായ മുദ്രാവാക്യം' അല്ല, യഥാര്‍ത്ഥ വികസനം നല്‍കിയെന്നും മോദി പറഞ്ഞു. 'ചില പാര്‍ട്ടികള്‍ യുവാക്കളെ വഞ്ചിക്കുന്നു. അവര്‍ ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു,' ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
പത്തുവര്‍ഷം മുമ്പു പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരുന്നതു ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമായിരുന്നു. എന്നാല്‍ ദാരിദ്ര്യം ഇല്ലാതാക്കാനായില്ല. ഞങ്ങള്‍ മുദ്രാവാക്യങ്ങളൊന്നും പറഞ്ഞില്ല. ഞങ്ങള്‍ ശരിയായ വികസനം നല്‍കി. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു നാലു കോടി വീടുകള്‍ ഇതുവരെ നല്‍കാനായി. പ്ലാസ്റ്റിക് കൂരയ്ക്കു കീഴില്‍ മഴക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവര്‍ക്കും മനസ്സിലാകില്ല. അത് അനുഭവിച്ചവര്‍ക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസ്സിലാകൂ. 12 കോടിയിലേറെ ശുചിമുറികള്‍ രാജ്യത്തു പണിതു. ചില നേതാക്കള്‍ ആഡംബര ഷവറുകളില്‍ ശ്രദ്ധിച്ചപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിനെ കുറിച്ചാണ്. പാവപ്പെട്ടവരുടെ കുടിലുകളില്‍ ഫോട്ടോസെഷന്‍ നടത്തി നേരം പോക്കുന്നവര്‍ക്കു പാര്‍ലമെന്റില്‍ പാവപ്പെട്ടവരെക്കുറിച്ചു പറയുന്നത് 'ബോറിങ്' ആയി തോന്നും' പ്രധാനമന്ത്രി പറഞ്ഞു.