Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
വഖഫ് ഭേദഗതി: രാജ്യവ്യാപക പ്രതിഷേധത്തിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
reporter

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ദേശീയ തലത്തില്‍ പ്രതിഷേധം കനക്കുന്നു. വിഷയത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ബുധനാഴ്ച പട്നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് ദേശീയ പ്രക്ഷോഭത്തിന് തുടക്കമിടാനാണ് വിവിധ മുസ്ലീം സംഘടനകളുടെ നീക്കം. പ്രക്ഷോഭ പരിപാടികള്‍ക്കായി 31 അംഗ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വര്‍ഗ ബഹുജന സംഘടനകളെ ഒപ്പം കൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ശ്രമിക്കുന്നതെന്ന് സംഘടനയുടെ വക്താവും ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറുമായ എസ്‌ക്യുആര്‍ ഇല്യാസ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. മുസ്ലീം സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കും, ദളിത്, ആദിവാസി, ഒബിസി, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ തുടങ്ങിയവയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാര്‍ച്ച് 26, 29 തീയ്യതികളില്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയിലേക്ക് ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താര്‍ വിരുന്ന് മുസ്ലിം സംഘടനകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഉള്‍പ്പെട ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാക്കാനുള്ള ശ്രമങ്ങള്‍. വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. അതിനിടെ, വഖഫ് ഭേദഗതി ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വഖഫ് (ഭേദഗതി) ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപിയും കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിയുമായി ജയറാം രമേശ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതിയിലൂടെ ബിജെപി സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹ്യ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 
Other News in this category

 
 




 
Close Window