സോമര്‍സെറ്റ്:യുകെയിലെ പ്ലിമത്തില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറുവാന്‍ വേണ്ടിയുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുന്‍പേ യുവാവിനെ പിന്‍തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്. യുവാവിനെ ആക്രമിക്കുന്നതിന് മുന്‍പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്യ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും, എയര്‍പോടും ആവശ്യപെടുകയായിരുന്നു. നല്‍കാന്‍ വിസ്സമതിച്ച യുവാവിനെ ഗുരുതരമായി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് യുവാവിന് മുറിവുകളേല്‍ക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ ഡോര്‍ തുറന്ന് അക്രമകാരി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാര്‍ പ്ലിമത്ത് പൊലീസിനെ ബന്ധപെടുകയും, പൊലീസ് എത്തി തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാന്‍ പൊലീസിനെ സഹായിച്ചത്. യുവാവ് നിലവില്‍ പ്ലിമത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
തലയ്ക്ക് സിടി സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം. ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും എയര്‍പോടിനും അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റ്ഡിയിലാണ്. യുവാവില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. ഏകദേശം ഒരു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ യുവാവിന് ഇപ്പോള്‍ തണലായി സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും ഒപ്പമുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്ലിമത്തിലെ ഇന്ത്യന്‍ സമൂഹം ഏറെ ആശങ്കയിലാണ്. അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് തദ്ദേശീയരും വിദേശീയരുമായ ഹോസ്പിറ്റല്‍ ജീവനക്കാര്‍ രേഖപെടുത്തുന്നത്.
അക്രമത്തെ തുടര്‍ന്ന് മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്ലിമത്ത് മലയാളി കള്‍ചറല്‍ കമ്യൂണിറ്റി (പിഎംസിസി) നിര്‍ദ്ദേശം നല്‍കി. അക്രമം ഉണ്ടായാല്‍ ഉടന്‍ തന്നെ 999, 111 തുടങ്ങിയ നമ്പരുകളില്‍ വിളിക്കണമെന്നും തിരിച്ചു ആക്രമണം നടത്തരുതെന്നും സംശയകരമായ സാഹചര്യത്തില്‍ അക്രമികളെ കണ്ടാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പിഎംസിസി അറിയിച്ചു. മൂന്നാഴ്ച മുന്‍പ് സോമര്‍സെറ്റിന് സമീപമുള്ള ടോണ്ടനില്‍ മലയാളി യുവതികള്‍ക്ക് നേരെ തദ്ദേശീയരായ യുവാക്കള്‍ മുഖം മൂടി ധരിച്ച് ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. എന്നാല്‍ യുവതികള്‍ ഓടി രക്ഷപ്പെട്ടു. സ്വകാര്യ കെയര്‍ ഹോമിലെ ജീവനക്കാരായ യുവതികള്‍ ജോലി കഴിഞ്ഞു മടങ്ങവേ ആയിരുന്നു സംഭവം. യുവതികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെട്ടായിരുന്നു യുവാക്കള്‍ ആക്രമണത്തിന് മുതിര്‍ന്നത്.
മാര്‍ച്ച് 1 ന് മലയാളി നഴ്‌സും കുടുംബവും ലിങ്കണ്‍ഷെയറില്‍ വംശീയാക്രമണത്തിന് ഇരയായിരുന്നു. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ ട്വിങ്കിള്‍ സാമിനും ഭര്‍ത്താവ് സാനുവിനുമാണ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് തദ്ദേശീയ യുവതിയില്‍ നിന്നും വംശീയ അധിക്ഷേപവും അക്രമണവും ഉണ്ടായത്. സാരമായ പരുക്കുകള്‍ക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) അനുഭവപ്പെട്ടു.