ലണ്ടന്‍: യുകെ-ഫ്രാന്‍സ് തമ്മില്‍ ഒപ്പുവെച്ച 'വണ്‍ ഇന്‍ വണ്‍ ഔട്ട്' കരാറിന്റെ ഭാഗമായി, ഇംഗ്ലിഷ് ചാനല്‍ വഴി എത്തിയ ആദ്യ അനധികൃത കുടിയേറ്റക്കാരനെ യുകെ അധികൃതര്‍ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ എയര്‍ ഫ്രാന്‍സ് വിമാനത്തിലൂടെയാണ് ഇന്ത്യക്കാരനായ ഇയാള്‍ പാരിസില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ചെറിയ ബോട്ടുകളില്‍ കടന്നു വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ആദ്യപടിയാണിതെന്ന് യുകെയുടെ ആഭ്യന്തര മന്ത്രി ഷബാന മഹമൂദ് വ്യക്തമാക്കി. ''യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും,'' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ നിന്നുള്ള മറ്റൊരു കുടിയേറ്റക്കാരനെ താല്‍ക്കാലികമായി മടക്കി അയക്കുന്നത് തടയാനുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2019-ല്‍ നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കാനായി പല രാജ്യങ്ങളില്‍ താമസിച്ച ശേഷം, ഡങ്കിര്‍ക്കില്‍ എത്തി ഇംഗ്ലണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ചയാളാണ് ഈ കേസ്. അഭയം തേടിയ അപേക്ഷയും മനുഷ്യക്കടത്തിന്റെ ഇരയാണെന്ന വാദവും അധികൃതര്‍ നിരാകരിച്ചതോടെയാണ് കോടതി തിരിച്ചയക്കാന്‍ അനുമതി നല്‍കിയത്.
ഇതുവരെ ഏകദേശം 100 പുരുഷ കുടിയേറ്റക്കാര്‍ ലണ്ടനോട് ചേര്‍ന്നുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുവെന്നും, ഇവരില്‍ പലര്‍ക്കും തിരിച്ചയക്കാനുള്ള തീയതി ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേര്‍ അടിമത്തത്തിനും മനുഷ്യക്കടത്തിനും ഇരയായതായി വാദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഇവരില്‍ മിക്കവരും 'വണ്‍ ഇന്‍ വണ്‍ ഔട്ട്' കരാര്‍ പ്രകാരം യുകെയില്‍ നിന്ന് നാടുകടത്തപ്പെടുമെന്നാണ് സൂചന. കൂടുതല്‍ തിരിച്ചയക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.