ലണ്ടന്‍: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഇന്ന് നിര്‍ണായക പ്രഖ്യാപനം നടത്തും. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിര്‍പ്പ് തള്ളിയാണ് ഈ പ്രഖ്യാപനം നടത്തുന്നത്. യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബ്രിട്ടന്‍ ഇന്ന് ഔദ്യോഗികമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. ബ്രിട്ടന്റെ നിലപാട് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഹമാസിനെ ഒറ്റപ്പെടുത്താന്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കേണ്ടതുണ്ടെന്ന നിലപാട് പ്രകടിപ്പിച്ചു. ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഒറ്റപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ മക്രോണ്‍ അപലപിക്കുകയും ചെയ്തു. ജപ്പാനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഗാസയില്‍ തടവിലായിരിക്കുന്ന 47 ഇസ്രായേലി ബന്ദികളുടെ ചിത്രങ്ങള്‍ 'വിടവാങ്ങല്‍' എന്ന തലക്കെട്ടോടെ ഹമാസ് പുറത്ത് വിട്ടിരുന്നു. ഓരോ ബന്ദിയെയും 1986-ല്‍ പിടിക്കപ്പെട്ട ഇസ്രായേലി വ്യോമസേന നാവിഗേറ്ററായ റോണ്‍ ആരാദിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുണ്ട്. ഓരോ ബന്ദിക്കും പ്രത്യേക നമ്പറുകളും നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിരസിച്ചതിനും ഗാസയിലെ അധിനിവേശം തുടരുന്നതിനും നെതന്യാഹുവിനെയും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിനെയും കുറ്റപ്പെടുത്തി ഹമാസ് ഈ ചിത്രം പുറത്തുവിട്ടതായാണ് റിപ്പോര്‍ട്ട്.