ലണ്ടന്‍: ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് യുകെ. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലാണ് പുതിയ നയങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുകെയിലേക്ക് മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ പ്രൊഫഷനലുകളെയും ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വിസാ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും യുഎസിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പകരം വിജയകരമായ മാതൃക ഒരുക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തിലെ മികച്ച അഞ്ച് സര്‍വകലാശാലകളില്‍ പഠിച്ചവരും, അഭിമാനകരമായ പുരസ്‌കാരങ്ങള്‍ നേടിയവരുമായ വ്യക്തികളെയാണ് ലക്ഷ്യമിടുന്നതെന്ന് യുകെയിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലെ വിസാ സംവിധാനത്തെ 'ഉദ്യോഗസ്ഥ ദുഃസ്വപ്നം' എന്ന നിലയില്‍ തന്നെ ചിലര്‍ വിശേഷിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ, പ്രൊഫഷനലുകളെ ആകര്‍ഷിക്കുന്നതിനായി കെ-വീസ സംവിധാനം നടപ്പാക്കാനാണ് ചൈനയും തയ്യാറെടുക്കുന്നത്. യുഎസില്‍ എച്ച്1ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതിനു പിന്നാലെയാണ് ചൈനയും ബ്രിട്ടനും പുതിയ നീക്കങ്ങളുമായി രംഗത്തെത്തുന്നത്. നിലവാരം കുറയ്ക്കുന്നതിനല്ല, മറിച്ച് ഏറ്റവും മിടുക്കരെ ബ്രിട്ടനിലേക്ക് എത്തിക്കാനാണ് പുതിയ നയമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.