ലണ്ടന്‍: യുകെയിലെ സ്‌കൂളുകളില്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 24,554 കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ 742 വിദ്യാര്‍ത്ഥികളെ പൂര്‍ണമായി പുറത്താക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം ശരാശരി 130 കുട്ടികളെയാണ് ഇത്തരം നിയമലംഘനങ്ങള്‍ കാരണം സസ്‌പെന്‍ഡ് ചെയ്യുന്നത്. ക്ലാസുകളില്‍ മദ്യപിച്ച് കയറുക, മയക്കുമരുന്ന് ഉപയോഗിക്കുക, മരുന്ന് ഇടപാട് നടത്തുക, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുക, പതിവായി പുകവലിച്ച് പിടിയിലാകുക തുടങ്ങിയവയാണ് പ്രധാന കുറ്റകൃത്യങ്ങള്‍. ആറ് വയസ്സ് പ്രായമുള്ള കുട്ടികളെയും അച്ചടക്കപരമായ നടപടികള്‍ക്ക് വിധേയരാക്കേണ്ടി വരുന്നതാണ് ഞെട്ടിക്കുന്ന വാസ്തവം.
ഒരു വര്‍ഷം 190 അധ്യയന ദിവസങ്ങളാണുള്ളത്. അതനുസരിച്ച്, ദിവസേന നാല് കുട്ടികളെ പൂര്‍ണമായി പുറത്താക്കുന്ന കണക്കാണ് പുറത്തുവന്നത്. 2022 ജൂലൈ മുതല്‍ 2024 ജൂലൈ വരെ 24 മാസത്തിനിടെ ഇത്തരം കേസുകളില്‍ 8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ചുള്ള ഈ കണക്കുകള്‍ രക്ഷിതാക്കളും അധ്യാപകരും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.