കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ എട്ട് മാസത്തോളം തടവിലിട്ട ബ്രിട്ടീഷ് ദമ്പതികളായ പീറ്റര്‍ റെയ്നോള്‍ഡ്സിനെയും ഭാര്യ ബാര്‍ബിയെയും മോചിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അഫ്ഗാനില്‍ താമസിച്ചിരുന്ന ഇവര്‍ ഫെബ്രുവരി 1ന് യു.കെയിലേക്ക് തിരികെ പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് ദമ്പതികള്‍ക്ക് മോചനം ലഭിച്ചത്. ബാമിയാന്‍ പ്രവിശ്യയില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്ന ഇവര്‍ യു.കെയിലേക്ക് പോകുന്നതിന് മുമ്പ് വൈദ്യപരിശോധനക്കായി ഖത്തറിലേക്ക് പറക്കുമെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ തടവിലാക്കിയതെന്നും ജുഡീഷ്യല്‍ നടപടികള്‍ക്കുശേഷമാണ് മോചനം ലഭിച്ചതെന്നും താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിന്റെ വ്യക്തമായ കാരണം താലിബാന്‍ വെളിപ്പെടുത്തിയിട്ടില്ല.
1970-ല്‍ കാബൂളില്‍ വെച്ചാണ് പീറ്ററും ബാര്‍ബിയും വിവാഹിതരായത്. കഴിഞ്ഞ 18 വര്‍ഷമായി ഇവര്‍ അഫ്ഗാനില്‍ ഒരു ചാരിറ്റബിള്‍ പരിശീലന പരിപാടി നടത്തിവരികയായിരുന്നു. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഈ പ്രവര്‍ത്തനം അംഗീകരിച്ചിരുന്നു. താലിബാന്‍ സര്‍ക്കാറിനെ യു.കെയുടെ അംഗീകാരം ഇല്ല. സംഘം വീണ്ടും അധികാരത്തില്‍ വന്നതോടെ കാബൂളിലെ ബ്രിട്ടീഷ് എംബസി അടച്ചുപൂട്ടിയിരുന്നു. മോചിതരായ ദമ്പതികളെ അഫ്ഗാനിലേക്കുള്ള യു.കെയുടെ പ്രത്യേക ദൂതന്‍ ഏറ്റുവാങ്ങിയതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദമ്പതികളുടെ മോചനം സംബന്ധിച്ച് ആശ്വാസം പ്രകടിപ്പിച്ച യു.കെയുടെ മിഡില്‍ ഈസ്റ്റ് മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍ അവര്‍ ഉടന്‍ തന്നെ കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, മോചനം ഉറപ്പാക്കാന്‍ യു.കെ തീവ്രമായി പ്രവര്‍ത്തിച്ചുവെന്നും പറഞ്ഞു. ഖത്തറിന്റെ സഹായത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.