പത്തനംതിട്ട: ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ചതാണെന്നും, അതിന്റെ പശ്ചാത്തല വികസന ചര്‍ച്ചകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. മറ്റ് വിവാദങ്ങള്‍ അനാവശ്യമാണെന്നും, അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തില്‍ 4,126 പേര്‍ പങ്കെടുത്തു. ഇതില്‍ 2,125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്, 182 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുമാണ്. 15 രാജ്യങ്ങളില്‍ നിന്നും 14 സംസ്ഥാനങ്ങളില്‍ നിന്നുമാണ് പങ്കാളിത്തം ഉണ്ടായത്. 3,000 പേരുടെ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്ന സംഗമം, കൂടുതല്‍ അഭ്യര്‍ഥനയെ തുടര്‍ന്ന് 3,500 ആയി ഉയര്‍ത്തിയെങ്കിലും അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചര്‍ച്ചകളിലേക്ക് പോകേണ്ടവര്‍ പേരുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കൗണ്ടറില്‍ 640 എന്ന എണ്ണം കണ്ട്, അയ്യപ്പ സംഗമത്തില്‍ 640 പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന തരത്തില്‍ തെറ്റിദ്ധാരണയുണ്ടായതായി മന്ത്രി വ്യക്തമാക്കി. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഓഡിറ്റോറിയം, ഹരിത ചട്ടം പാലിച്ച സംഘാടനം, തീര്‍ഥാടകര്‍ക്ക് തടസമില്ലാത്ത സൗകര്യങ്ങള്‍ എന്നിവ സംഗമത്തിന്റെ വിജയത്തില്‍ പ്രധാന ഘടകങ്ങളായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രചരിക്കുന്ന വിഡിയോയിലെ ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തതാണെന്നും, ????ാടനത്തിന് ഹാള്‍ നിറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി വേര്‍തിരിച്ച സെഷനുകളിലേക്ക് താത്പര്യമുള്ളവര്‍ പോയതും, ചിലര്‍ എക്‌സിബിഷന്‍ കാണാനോ ഭക്ഷണം കഴിക്കാനോ മാറിയതുമാണ് കസേരകള്‍ ഒഴിഞ്ഞതായി തോന്നാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ആളുകള്‍ മടങ്ങിയെന്ന വ്യാജപ്രചാരണം തെറ്റാണെന്നും, സെഷനുകളിലേക്ക് ആളുകള്‍ പോയതാണെന്നും മന്ത്രി വ്യക്തമാക്കി.