ലണ്ടന്‍: ഫോണില്‍ നഗ്‌നചിത്രം കണ്ടുകൊണ്ട് ട്രക്ക് ഓടിച്ച് അപകടം സൃഷ്ടിച്ച് ഒരാളെ കൊല്ലപ്പെട്ട സംഭവത്തില്‍ ട്രക്ക് ഡ്രൈവറിന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. 2024 മേയ് 17ന് മേഴ്‌സിസൈഡിലെ ബൂട്ടില്‍ നടന്ന അപകടത്തില്‍ ഡാനിയേല്‍ എയ്ട്ചിസണ്‍ (46) എന്ന യാത്രക്കാരനാണ് മരിച്ചത്.
അപകടം എങ്ങനെ സംഭവിച്ചു
പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ ട്രക്ക് ഡ്രൈവറായ നെയ്ല്‍ പ്ലാറ്റ് (43) കുറ്റം സമ്മതിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയ ആപ്പുകള്‍ ഫോണില്‍ ഉപയോഗിച്ചതായി അദ്ദേഹം സമ്മതിച്ചു. അപകടത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് എക്‌സ് ഫീഡില്‍ നഗ്‌നചിത്രങ്ങള്‍ കണ്ടതായും കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നെയ്ല്‍ പ്ലാറ്റ് ഓടിച്ച ട്രക്ക്, ഡാനിയേല്‍ എയ്ട്ചിസണ്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് ഡാനിയേല്‍ തന്റെ പങ്കാളി കെറിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലേക്ക് ഇടിച്ചുകയറി. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വാഹനം പൂര്‍ണമായി കത്തിനശിക്കുകയും ഡാനിയേല്‍ മരിക്കുകയും ചെയ്തു.
കോടതിയുടെ കഠിന വിമര്‍ശനം
''ചിന്തിക്കാന്‍ പോലും പറ്റാത്ത വിഡ്ഢിത്തം ചെയ്താണ് നിങ്ങളുടെ ശ്രദ്ധ തെറ്റിയത്. മുന്നില്‍ ഉള്ളതില്‍ അല്ല, മറിച്ച് നിങ്ങളുടെ ഫോണിലായിരുന്നു ശ്രദ്ധ,'' എന്ന് ജഡ്ജി ഇയാന്‍ അണ്‍സ്വര്‍ത്ത് വിമര്‍ശിച്ചു. റോഡ് സുരക്ഷയെക്കാള്‍ സമൂഹമാധ്യമങ്ങള്‍ മുന്‍ഗണന നല്‍കിയതായും ജഡ്ജി കുറ്റപ്പെടുത്തി.
ഈ സംഭവം റോഡ് സുരക്ഷയുടെ ഗൗരവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായും, ഡ്രൈവിങ് സമയത്ത് മൊബൈല്‍ ഉപയോഗം എത്രത്തോളം അപകടകരമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.