ലണ്ടന്‍: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ലണ്ടന്‍ ഗാറ്റ്വിക്കില്‍ രണ്ടാം റണ്‍വേ വികസനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. 2.2 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം ഉള്‍പ്പെടുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ അറിയിച്ചു.
വിമാനയാന മേഖലയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നോര്‍ത്തേണ്‍ റണ്‍വേയുടെ സമീപത്തായി ടെര്‍മിനല്‍ വികസനം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ റണ്‍വേ ഒരുക്കുന്നത്.
പദ്ധതിക്കെതിരെ ഗ്രീന്‍ പാര്‍ട്ടിയടക്കമുള്ള നിരവധി സംഘടനകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചാന്‍സിലര്‍ റെയ്ചല്‍ റീവ്സ് പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം 2.8 ലക്ഷം വിമാന സര്‍വീസുകളാണ് ഗാറ്റ്വിക്കില്‍ നിന്നും നടക്കുന്നത്. പുതിയ റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഈ എണ്ണം 2030ഓടെ 3.89 ലക്ഷമായി ഉയരുമെന്നാണ് കണക്ക്. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് റണ്‍വേ വികസനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ഗാറ്റ്വിക്കിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതിവര്‍ഷം 80 ദശലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.