ലെസ്റ്റര്‍: ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ മലയാളി യുവാവിന് നേരെ ആക്രമണവും മോഷണശ്രമവും. ലെസ്റ്ററിലെ വിക്ടോറിയ പാര്‍ക്കില്‍ വച്ചാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്.
സ്ഥലത്ത് എത്തിയ യുവാക്കളില്‍ ഒരാള്‍ പെട്ടെന്ന് കൈ പിടിച്ച് തിരിക്കുകയായിരുന്നു. സഹായത്തിനായി വിളിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ശബ്ദമുണ്ടാക്കിയാല്‍ കുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഫോണും പഴ്സും ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന് മറുപടി നല്‍കിയതോടെ അക്രമികള്‍ മുഖത്തടിക്കുകയും ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ആക്രമണ സമയത്ത് പാര്‍ക്കില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ല. അക്രമികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവ് ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.