ബെല്‍ഫാസ്റ്റ്: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ വീണ്ടും വംശീയാക്രമണം. വിനോദസഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപമുള്ള നഗരത്തിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന മലയാളി യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോളറൈന്‍ ബാലികാസില്‍ റോഡില്‍ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.
ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമയുടെ സഹായത്തോടെ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മദ്യപിച്ച സംഘം ആക്രമിച്ചു
രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സമീപത്തെ പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകള്‍ 'എവിടെ നിന്നുള്ളവരാണ്?' എന്ന ചോദ്യം ഉന്നയിച്ച് ആക്രമണം അഴിച്ചുവിട്ടതെന്ന് യുവാക്കള്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 'ഗോ ഹോം' എന്ന് ആവശ്യപ്പെട്ട് ഇവരെ ഓടിച്ചെന്നും, ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ വീണയാളെ മര്‍ദിച്ചെന്നും മറ്റൊരാളെ നിലത്തിട്ട് ചവിട്ടിയെന്നും ഇവര്‍ പറഞ്ഞു. 20 വയസ്സിന് മുകളിലുള്ള അഞ്ചു പേരിലധികം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി.
കുടിയേറ്റ വിരുദ്ധതയുടെ അലയടികള്‍
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായതിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സമാനമായ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ അലയടിയായി പല സ്ഥലങ്ങളിലും യുവാക്കളുടെ സംഘം കുടിയേറ്റക്കാര്‍ക്കെതിരെ തിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ആന്‍ട്രിമില്‍ മലയാളികളുടെ കാറുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. കാറുകളില്‍ കറുത്ത പെയിന്റ് അടിക്കുകയും കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.
മലയാളി സംഘടനകള്‍ മുന്നില്‍
തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് മലയാളികള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥനയുമായി മലയാളി സംഘടനകളും മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങളും യോഗങ്ങളും ഒഴിവാക്കണമെന്നും, താമസ കേന്ദ്രങ്ങളിലെയും കാര്‍ പാര്‍ക്കിങ് പോലെയുള്ള സൗകര്യങ്ങള്‍ പരസ്പര ബഹുമാനത്തോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.