ലണ്ടന്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ബ്രിട്ടീഷ് എംപി തുലിപ് സിദ്ദിഖിനെതിരെ പൗരത്വ വിവാദം ആളിക്കത്തുന്നു. ബംഗ്ലാദേശി പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമുള്ളതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 43 വയസ്സുള്ള തുലിപിന് 19-ാം വയസ്സില്‍ ബംഗ്ലാദേശി പാസ്‌പോര്‍ട്ട് ലഭിച്ചതായും 2011 ജനുവരി മുതല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായും ധാക്കയിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ, ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസില്‍ തുലിപിന്റെ പേരില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
2011-ല്‍ ധാക്കയിലെ അഗര്‍ഗാവ് പാസ്‌പോര്‍ട്ട് ഓഫിസില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തുലിപ് അപേക്ഷിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ബംഗ്ലാദേശി മാതാപിതാക്കള്‍ക്ക് ജനിച്ച തുലിപിന് ഇരട്ട പൗരത്വത്തിന് അര്‍ഹതയുണ്ടെങ്കിലും, 2017-ല്‍ താന്‍ ബ്രിട്ടിഷ് പൗരനാണെന്നും ബംഗ്ലാദേശിയല്ലെന്നും തുലിപ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
അമ്മ രഹ്നയുടെയും സഹോദരങ്ങളുടെയും കൂടെ ധാക്കയിലെ പ്രത്യേക റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അനധികൃതമായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് തുലിപ് മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ ഈ ആരോപണം തുലിപ് നിഷേധിച്ചിരുന്നു.
തുലിപ് സിദ്ദിഖിന് നല്‍കിയ രേഖകള്‍ യഥാര്‍ഥമാണെന്ന് അഴിമതി വിരുദ്ധ കമ്മീഷന്‍ (എസിസി) മേധാവി മുഹമ്മദ് അബ്ദുള്‍ മോമെന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ബംഗ്ലാദേശ് അധികൃതര്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാതെ രാഷ്ട്രീയ പ്രേരിതമായ അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയാണെന്ന് തുലിപ് സിദ്ദിഖിന്റെ വക്താവ് ആരോപിച്ചു.
തുലിപ് ഒരിക്കലും ബംഗ്ലാദേശി തിരിച്ചറിയല്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കൈവശം വച്ചിട്ടില്ലെന്നും കുട്ടിക്കാലം മുതല്‍ ബംഗ്ലാദേശി പാസ്‌പോര്‍ട്ട് കൈവശമില്ലെന്നും വക്താവ് വ്യക്തമാക്കി. തുലിപിന്റെ വിശ്വാസ്യതയും രാഷ്ട്രീയ ജീവിതവും തുരങ്കം വയ്ക്കാനുള്ള ബോധപൂര്‍വ്വവും നിരാശാജനകവുമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.