ലണ്ടന്‍: ഓട്ടോമാറ്റിക് ചെക്കിങ് ആന്‍ഡ് ബോര്‍ഡിങ് സോഫ്‌റ്റ്വെയറിലുണ്ടായ സൈബര്‍ ആക്രമണം യൂറോപ്പിലെയും ബ്രിട്ടനിലെയും വിമാന സര്‍വീസുകളെ വാരാന്ത്യത്തില്‍ താറുമാറാക്കിയതോടെ, വ്യോമഗതാഗതം പൂര്‍വ്വസ്ഥിതിയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആരംഭിച്ച സാങ്കേതിക പ്രതിസന്ധി ഇനിയും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. അത്യാവശ്യമായ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷനുകള്‍ അവസാന ഘട്ടത്തിലാണെന്ന് പ്രൊവൈഡര്‍മാരായ കോളിന്‍സ് എയറോസ്പേസ് അറിയിച്ചു. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കപ്പെടുന്നതും തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്ന് ബ്രിട്ടനിലെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും യൂറോപ്യന്‍ കമ്മീഷനും അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്ന് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടറും വ്യക്തമാക്കി.
ലണ്ടന്‍ ഹീത്രോ, ബ്രസ്സല്‍സ്, ബര്‍ലിന്‍ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലാണ് പ്രതിസന്ധിയുടെ ആഘാതം കൂടുതല്‍. ഇന്നുരാവിലെയും നിരവധി സര്‍വീസുകള്‍ വൈകിയതായും, ബ്രസ്സല്‍സില്‍ നിന്നുള്ള 276 സര്‍വീസുകളില്‍ 140 എണ്ണം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ ഹീത്രോ വിമാനത്താവള അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ബാക്ക് അപ്പ് ചെക്കിങ് സംവിധാനമുള്ള ബ്രിട്ടിഷ് എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ വലിയ പ്രതിസന്ധിയിലായില്ല. എന്നാല്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലേക്ക് മാറിയ എയര്‍ലൈന്‍ കമ്പനികള്‍ സാരമായി ബാധിക്കപ്പെട്ടു. ഹീത്രോയില്‍ നിന്നുള്ള സര്‍വീസുകളില്‍ പകുതിയോളം ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.