ഹീത്രു ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ ചെക്ക് ഇന്‍, ബാഗേജ് സിസ്റ്റങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായി. കോളിന്‍സ് എയറോസ്പേസ് നല്‍കുന്ന മ്യൂസ് സോഫ്റ്റ്വെയറാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്. ബ്രസല്‍സ്, ബെര്‍ലിന്‍, ഡബ്ലിന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
പലയിടത്തും വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തി. ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയത്.ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
കഴിഞ്ഞ വര്‍ഷം സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പിഴവു മൂലം വിമാന സര്‍വീസുകള്‍ നിലച്ചിരുന്നു. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കും വിധം നീണ്ട മണിക്കൂറുകളാണ് പലരും കാത്തിരിക്കേണ്ടിവന്നത്.
പല എയര്‍ലൈന്‍സുകളും കംപ്യൂട്ടറുകള്‍ ഉപയോഗിക്കാതെ പേപ്പറില്‍ യാത്രക്കാരെ രേഖപ്പെടുത്തി ബോര്‍ഡിംഗ് നടത്തേണ്ടി വന്നു. ഹീത്രൂ വിമാനത്താവളത്തില്‍ ശനിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളില്‍ 47 ശതമാനം വൈകിയാണ് യാത്ര തിരിച്ചത്. അധിക സ്റ്റാഫിനെ ഉപയോഗിച്ച് തടസം മറികടക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
ബ്രസല്‍സ് വിമാനത്താവളം 44 വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയതായി അറിയിച്ചു. യൂറോപ്യന്‍ വ്യോമസുരക്ഷാ സംഘടനയായ യൂറോകണ്‍ട്രോള്‍, വിമാന സര്‍വീസുകളുടെ പകുതി താല്‍ക്കാലികമായി റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും, ബെര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളം യാത്രക്കാരോട് ഓണ്‍ലൈന്‍ അല്ലെങ്കില്‍ സ്വയം സേവന ചെക്ക്-ഇന്‍ ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. |