ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തന തടസ്സം നേരിടുന്നു. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സേവനദാതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സെപ്റ്റംബര്‍ 19-ന് രാത്രി നടന്ന ആക്രമണത്തില്‍ ബ്രസ്സല്‍സ് വിമാനത്താവളവും ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ ബാധിക്കപ്പെട്ടു.
ലണ്ടന്‍, ബര്‍ലിന്‍, ബ്രസ്സല്‍സ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഒട്ടനവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഫ്ലൈറ്റ് ഷെഡ്യൂളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായത്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഹീത്രോ വിമാനത്താവളം സാങ്കേതിക തടസ്സം മൂലമുണ്ടാകാവുന്ന കാലതാമസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ സമയത്ത് കൂടുതല്‍ കാത്തിരിപ്പ് സമയം ആവശ്യമായേക്കുമെന്നതും അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണം ഹീത്രോയും ബര്‍ലിന്‍ വിമാനത്താവളവും വ്യക്തമാക്കിയിട്ടില്ല.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് യൂറോപ്പില്‍ സൈബര്‍ ആക്രമണം നടന്നത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.