ലണ്ടന്‍: പ്രശസ്ത ഗ്രാഫിറ്റി കലാകാരന്‍ ബാങ്ക്സി വരച്ച പുതിയ ചുവര്‍ചിത്രം ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കെട്ടിടത്തിലെ മതിലില്‍ പ്രത്യക്ഷപ്പെട്ടതോടെ കലാലോകത്ത് പുതിയ വിവാദം ഉയര്‍ന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്റ്റെന്‍സില്‍ ശൈലിയിലുള്ള ചിത്രത്തില്‍ പരമ്പരാഗത വിഗ്ഗും മേലങ്കിയും ധരിച്ച ഒരു ജഡ്ജി, നിലത്ത് കിടക്കുന്ന ഒരു പ്രതിഷേധക്കാരനെ ഗാവല്‍ (അമേരിക്കന്‍ ചുറ്റിക) ഉപയോഗിച്ച് തല്ലാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് കാണുന്നത്. രക്തം തെറിച്ച പ്ലക്കാര്‍ഡ് പ്രതിഷേധക്കാരന്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
ചിത്രം പ്രത്യക്ഷപ്പെട്ടതോടെ കോടതി ജീവനക്കാര്‍ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകളും ഇരുമ്പ് ബാരിയറുകളും ഉപയോഗിച്ച് അതു മറച്ചുവെക്കുകയും പിന്നീട് മായ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥയില്‍ മതിലില്‍ ചിത്രത്തിന്റെ പാടുകള്‍ മാത്രമാണ് ശേഷിച്ചിരിക്കുന്നത്.
ബാങ്ക്സി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം തന്റേതാണെന്ന് സ്ഥിരീകരിക്കുകയും 'റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ്, ലണ്ടന്‍' എന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. ചിത്രം ക്വീന്‍സ് ബില്‍ഡിങ്ങിന്റെ പുറംഭിത്തിയിലാണ് കണ്ടത്. ചിത്രം മായ്ച്ചതിനെതിരെ കലാകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നയത്തെയും യുദ്ധത്തെയും മുതലാളിത്തത്തെയും വിമര്‍ശിക്കുന്ന ബാങ്ക്സിയുടെ ഈ ചിത്രത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ലണ്ടനില്‍ നടന്ന വലിയ പ്രൊ-പാലസ്തീന്‍ പ്രതിഷേധത്തില്‍ 900ലധികം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 'പാലസ്തീന്‍ ആക്ഷന്‍' എന്ന ഗ്രൂപ്പിന്റെ നിരോധനത്തിനെതിരെ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. 2025-ല്‍ ആഭ്യന്തര മന്ത്രി യവറ്റ് കൂപ്പര്‍ ഈ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പിന്റെ പേരുള്ള ഷര്‍ട്ട് അണിയുകയോ അംഗത്വം സ്വീകരിക്കുകയോ ചെയ്താല്‍ പരമാവധി 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയിരുന്നു. ബാങ്ക്സിയുടെ ചിത്രം നിയമത്തിന്റെ പേരില്‍ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന സാഹചര്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി പലരും കാണുന്നു. ചിത്രം മായ്ച്ചതോടെ അതിന്റെ പാടുകള്‍ പോലും പ്രതിരോധത്തിന്റെ സൂചനയായി മാറിയതായും അഭിപ്രായമുണ്ട്.