ലണ്ടന്‍: ഇന്ത്യന്‍ രൂപയ്ക്കെതിരേ യുകെ പൗണ്ടിന്റെ മൂല്യം ഇടിയുന്നതോടെ, നാട്ടിലേക്ക് പണം അയക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഉറ്റുനോക്കുകയാണ്. സെപ്റ്റംബര്‍ 16ന് ഒരു പൗണ്ടിന് 119.95 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും, പിന്നീട് മൂല്യം കുറഞ്ഞതോടെ 120 രൂപ എന്ന മാനദണ്ഡം കടക്കാനായില്ല. നിലവില്‍ ഒരു പൗണ്ടിന് 118.71 രൂപയാണ് വിനിമയ നിരക്ക്.
വിനിമയ വിദഗ്ധര്‍ പറയുന്നത് വരും ദിവസങ്ങളില്‍ പൗണ്ടിന്റെ മൂല്യം കൂടുതല്‍ താഴേക്കു പോകാനാണ് സാധ്യത. അതിനാല്‍ പണം അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ട സമയമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനിയും കാത്തിരുന്നാല്‍ കൂടുതല്‍ നഷ്ടം സംഭവിക്കാമെന്ന വിലയിരുത്തലും ഉണ്ട്.
അതേസമയം, ദീര്‍ഘകാല പരിഗണനയില്‍ പൗണ്ട് വീണ്ടും മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും അടുത്ത കുതിപ്പില്‍ 120 രൂപ കടക്കുമെന്നും ചില വിപണി നിരീക്ഷകര്‍ പ്രവചിക്കുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമായെങ്കിലും, ലോണെടുത്ത് പഠിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ക്കും ഇത് വലിയ സാമ്പത്തിക തിരിച്ചടിയാകുന്നു. വിനിമയ നിരക്കില്‍ വരുന്ന മാറ്റങ്ങള്‍ പ്രവാസി സമൂഹത്തിനും വ്യാപാര മേഖലയ്ക്കും നേരിയതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.