ഗാസ: ഇസ്രയേല്‍ സൈനിക ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ രക്ഷയില്ലാത്ത അവസ്ഥ തുടരുന്നു. സുരക്ഷാ പാതകള്‍ അടച്ചും പുതിയ പാതകള്‍ തുറന്നും പലായനം ചെയ്യുന്നവരെയും ദുരിതത്തിലാഴ്ത്തുകയാണ് ഇസ്രയേല്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം അറുപതിനായിരം പേര്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു. ആകെ നാലര ലക്ഷം പേരാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതെന്ന് ഇസ്രയേല്‍ കണക്ക് പറയുന്നു. തെക്കന്‍ ഗാസയിലേക്ക് പോകാനുള്ള പുതിയ സുരക്ഷാ പാതയായ അല്‍ റഷീദ് റോഡില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപാതയായി പ്രഖ്യാപിച്ച സല അല്‍ ദിന്‍ റോഡ് അടച്ചതോടെ ദുരിതം കൂടുതല്‍ രൂക്ഷമായി. പലായനത്തിനിടെ 20 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധി പേര്‍ വലയുകയാണ്. സന്നദ്ധ സേവകരെയും സൈന്യം ഒഴിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ, ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന യു എന്‍ രക്ഷാസമിതിയിലെ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഗാസയിലെ ജനങ്ങള്‍ക്ക് തെക്കന്‍ സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതോടെയാണ് പലായനം രൂക്ഷമായത്.
അന്താരാഷ്ട്ര തലത്തില്‍ വലിയ രാഷ്ട്രീയ നീക്കമാണ് ബ്രിട്ടന്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം നടന്നത്. യു എസിനും ട്രംപിനും ഇത് കനത്ത തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. ''തീര്‍മാനത്തോട് യോജിക്കുന്നില്ല,'' എന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഹമാസിനെ ഒറ്റപ്പെടുത്താന്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ജപ്പാനും അതേ നിലപാട് സ്വീകരിച്ച് പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഗാസയിലെ രൂക്ഷമായ സംഘര്‍ഷം പരിഹരിക്കാന്‍ ലോക രാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് യു എന്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍.