ലണ്ടന്‍: ഒരു കാലത്ത് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദേശപഠന സ്വപ്നങ്ങളുടെ കേന്ദ്രങ്ങള്‍. എന്നാല്‍ അടുത്ത കാലത്തായി ഈ പരമ്പരാഗത രാജ്യങ്ങള്‍ക്ക് പകരം ജപ്പാന്‍, ഓസ്ട്രിയ, ഉസ്ബെക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ പുതിയ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ തിരിയുകയാണ്. ചെലവ് കുറവ്, വിസ നടപടികളിലെ ലളിതത്വം, കരിയര്‍ വൈവിധ്യം എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിര്‍ഗിസ്ഥാനിലെ എംബിബിഎസ്, കംബോഡിയയിലെ എഞ്ചിനീയറിംഗ്, മാള്‍ട്ടയിലെ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്‌സുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നത് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു. യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ചതും, വിസ നിയന്ത്രണങ്ങള്‍ കര്‍ശനമായതും, ഇന്ത്യയിലെ കോളേജ് സീറ്റുകള്‍ക്കായുള്ള കടുത്ത മത്സരവും ഈ മാറ്റത്തിന് കാരണമായി. പരമ്പരാഗത കോഴ്‌സുകളില്‍ നിന്ന് വ്യത്യസ്തമായ മേഖലകളിലേക്ക് വിദ്യാര്‍ഥികള്‍ തിരിയുന്നതും ശ്രദ്ധേയമാണ്.
ലൈറ്റിംഗ് ആന്റ് ലൈറ്റ് ഡിസൈന്‍ പഠിക്കാന്‍ മിലാന്‍ (ഇറ്റലി), ബില്‍ബാവോ (സ്‌പെയിന്‍), സ്റ്റോക്ക്‌ഹോം (സ്വീഡന്‍) എന്നിവയാണ് പ്രിയം. മ്യൂസിക് തെറാപ്പിക്ക് ലിമെറിക്ക് (അയര്‍ലന്‍ഡ്), നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളാണ് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ്. ആഗോള ക്രൂയിസ് വ്യവസായവുമായി ബന്ധപ്പെട്ട ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ക്ക് സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് പ്രശസ്തം.
മോളിക്യുലാര്‍ ഗ്യാസ്‌ട്രോണമി പഠിക്കാന്‍ സ്പെയിന്‍, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ് എന്നിവയും, ഗെയിം ഡിസൈന്‍ പഠിക്കാന്‍ ഫിന്‍ലാന്‍ഡ് ആണ് പ്രധാന ഓപ്ഷന്‍. ഗ്രീന്‍ സപ്ലൈ ചെയിനുകള്‍ക്ക് സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നിവയും, ഹ്യൂമന്‍ ലോജിസ്റ്റിക്‌സിന് ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവയുമാണ് ഹബ്ബുകള്‍.
ഇന്ത്യയിലെ സ്വകാര്യ കോളേജുകളില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കപ്പെടുന്ന സാഹചര്യത്തില്‍, കിഴക്കന്‍ യൂറോപ്പും മധ്യേഷ്യയും അതേ ബിരുദങ്ങള്‍ കുറഞ്ഞ ചെലവില്‍ വാഗ്ദാനം ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമാണ്. ഉസ്ബെക്കിസ്ഥാനില്‍ മാത്രം 6,000-ത്തിലധികം ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥികളുള്ളത് ഈ പ്രവണതയെ തെളിയിക്കുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ വിദ്യാര്‍ഥി പ്രവേശനം കര്‍ശനമാക്കിയതും ഈ മാറ്റത്തിന് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.