Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.7815 INR  1 EURO=102.976 INR
ukmalayalampathram.com
Sat 01st Nov 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
റൂഫിങ് പണികള്‍ക്ക് തദ്ദേശസ്ഥാപന അനുമതി ഇനി ആവശ്യമില്ല; കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വ്യാപക ഇളവുകള്‍
reporter

തിരുവനന്തപുരം: ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന്റെ മുകളില്‍ ഷീറ്റ്, ഓട് എന്നിവ ഉപയോഗിച്ച് റൂഫിങ് പണിയുന്നവര്‍ക്ക് ഇനി തദ്ദേശസ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ല. നിലവിലുള്ള മൂന്ന് നിലവരെയുള്ള വീടുകള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ടാണ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത്.

റൂഫിങ് പണികള്‍ക്ക് ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററില്‍ കൂടരുതെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള താമസകെട്ടിടങ്ങള്‍ക്ക് മുന്‍വശത്തും പിന്‍വശത്തും പരമാവധി 15 ച.മീറ്റര്‍ വരെ വിസ്തൃതിയില്‍, റോഡില്‍ നിന്ന് കുറഞ്ഞത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് പണിയുന്നതും അനുവദനീയമാക്കി.

സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തില്‍ കൂടുതല്‍ കെട്ടിടങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇളവുകള്‍ വരുത്തിയത്. നിലവില്‍ 300 ച.മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ളതും, രണ്ട് നില വരെയുള്ളതും, ഏഴ് മീറ്റര്‍ ഉയരമുള്ളതുമായ വീടുകളാണ് ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ ഉയരം പരിഗണിക്കാതെ തന്നെ 300 ച.മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള രണ്ട് നില കെട്ടിടങ്ങള്‍ക്കു ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നിര്‍മാണാനുമതി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് സെന്റുവരെയുള്ള സ്ഥലത്ത് പരമാവധി 100 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക്, മൂന്നു മീറ്ററില്‍ കൂടാത്ത വീതിയുള്ള നോട്ടിഫൈഡ് അല്ലാത്ത റോഡില്‍ നിന്ന് ചുരുങ്ങിയ ദൂരപരിധി ഒരു മീറ്ററായി കുറച്ചു. നിലവില്‍ ഇത് രണ്ട് മീറ്ററായിരുന്നു.

വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭ്യമാക്കാനുള്ള വിസ്തീര്‍ണ്ണ പരിധിയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ 100 ച.മീറ്ററായിരുന്ന പരിധി 250 ച.മീറ്ററായി ഉയര്‍ത്തി. ചെറുകിട വീടുകള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തരത്തിലാണ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ വ്യാപക ഭേദഗതികള്‍ വരുത്തിയതെന്ന് മന്ത്രി എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window