തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ് ചന്ദ്രശേഖര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. പ്രതികളുടെ കുറ്റസ്സമ്മത മൊഴികള്‍ പുറത്തുവിടുന്നത് അന്വേഷണത്തെയും വിചാരണയേയും ബാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടി.
എസ്എച്ച്ഒമാരും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുമാണ് സര്‍ക്കുലറിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സമീപകാലത്തെ ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന വിവരം മാധ്യമങ്ങളോട് പങ്കുവെച്ചതും, അതു റിപ്പോര്‍ട്ടുകളായി പുറത്തുവന്നതും ഹൈക്കോടതി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കുറ്റാരോപിതന്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പുറത്തുവരുന്നത് നിയമനടപടികള്‍ക്ക് തടസ്സമാകുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. അന്വേഷണത്തിന്റെ വിശ്വാസ്യതയും നീതിപൂര്‍ണതയും നിലനിര്‍ത്തുന്നതിനാണ് ഈ നിര്‍ദേശം.