തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളവും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച തുകയും നാളെ മുതല്‍ വിതരണം ചെയ്യും. ഡിഎ (ഡിയര്‍നെസ് അലവന്‍സ്), ഡിആര്‍ (ഡിയര്‍നെസ് റിലീഫ്) എന്നിവയില്‍ നാല് ശതമാനം വര്‍ധനയോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയതെന്ന് ധനവകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം ഈ വര്‍ധനയും ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ന്നു. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും സമാനമായ വര്‍ധന ലഭിക്കും.
ക്ഷേമ പെന്‍ഷനുകളുടെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 20 മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ തുക 2000 രൂപയാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെ, ഒരു മാസത്തെ കുടിശ്ശികയായ 1600 രൂപയും ചേര്‍ത്താണ് ഈ മാസം ഓരോ ഗുണഭോക്താവിനും 3600 രൂപ വീതം ലഭിക്കുന്നത്. ഇതിന് 1864 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തെ 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഈ പെന്‍ഷന്‍ തുക എത്തുക. നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പിലാകുന്നത്.