ചെന്നൈ: അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തന മുഖച്ഛായ മെച്ചപ്പെടുത്തുന്നതിനും എയര്‍ ഇന്ത്യ ഉടമകളായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 10000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പലിശ രഹിത വായ്പയായി ഈ തുക അനുവദിക്കണമെന്നതാണ് എയര്‍ ഇന്ത്യയുടെ ആവശ്യം.
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും ഉയര്‍ന്നതോടെ കമ്പനിയുടെ പ്രതിച്ഛായയും ബാധിക്കപ്പെട്ടു. ഏഷ്യന്‍ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളും എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായി.
എയര്‍ ഇന്ത്യയുടെ ഓഹരികളില്‍ 75 ശതമാനവും ടാറ്റ സണ്‍സിനും 25 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുമാണ്. കമ്പനിയുടെ നിര്‍ദേശത്തില്‍ ഉടമകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാങ്കേതിക നവീകരണം, സുരക്ഷാ മെച്ചപ്പെടുത്തല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും എയര്‍ ഇന്ത്യയെ ഏറ്റെടുത്തപ്പോള്‍ 2026 മാര്‍ച്ചോടെ പ്രവര്‍ത്തന ലാഭം കൈവരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചടിയായതായി കമ്പനി വിലയിരുത്തുന്നു.
ടാറ്റ സണ്‍സിന്റെ താത്പര്യപ്രകാരം ഫണ്ടിങ്ങ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫണ്ട് അനുവദിക്കുന്നതില്‍ വൈകുന്നിടത്തോളം എയര്‍ ഇന്ത്യയുടെ തിരിച്ചുവരവും വൈകുമെന്നതാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രധാന ആശങ്ക.