ന്യൂഡല്‍ഹി: കുടുംബവാഴ്ചക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കി.
നെഹ്റു കുടുംബത്തെ പരാമര്‍ശിച്ച് ലേഖനം
പ്രൊജക്ട് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂര്‍ കുടുംബവാഴ്ചയെ വിമര്‍ശിച്ചത്. ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ള നേതാക്കളെ പരാമര്‍ശിച്ച തരൂര്‍, ''പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല'' എന്ന നിലപാടാണ് സ്വീകരിച്ചത്.
''രാഷ്ട്രീയ നേതൃത്വം ജന്മാവകാശമല്ല''
''നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴചേര്‍ന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇതാണ് അടിത്തറ. ഈ ആശയം എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചിട്ടുണ്ട്,'' ലേഖനത്തില്‍ തരൂര്‍ പറയുന്നു.
കുടുംബാധിപത്യം ഭരണ നിലവാരം കുറയ്ക്കും
''സ്ഥാനാര്‍ത്ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുന്നത് ജനാധിപത്യത്തിന് ഹാനികരമാണ്. ജനങ്ങളോട് ഫലപ്രദമായി ഇടപെടാത്തതും കണക്ക് പറയേണ്ടതില്ലെന്ന മനോഭാവവുമാണ് കുടുംബാധിപത്യം വളര്‍ത്തുന്നത്. കഴിവിനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് വേണ്ടത്. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം ആവശ്യമാണ്,'' തരൂര്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
ബിജെപിക്ക് ആയുധമായി ലേഖനം
തരൂരിന്റെ ലേഖനം കോണ്‍ഗ്രസിനെതിരെ ബിജെപി ശക്തമായി ഉപയോഗിച്ചു. രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും ഉദ്ദേശിച്ചാണ് ലേഖനം എന്നതാണ് ബിജെപിയുടെ ആരോപണം. ''തരൂരിന്റെ ലേഖനം ഉള്‍ക്കാഴ്ചയുള്ളതും നെഹ്റു കുടുംബം ഇന്ത്യന്‍ രാഷ്ട്രീയത്തെ കുടുംബ ബിസിനസാക്കി മാറ്റിയതിന്റെ തെളിവുമാണ്,'' ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.
തരൂരിന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ ഊര്‍ജം നല്‍കിയിരിക്കുകയാണ്.