ചെന്നൈ: തെന്നിന്ത്യന്‍ താരങ്ങളുടെ ആഢംബര ജീവിതം ചര്‍ച്ചയാകുമ്പോള്‍ പലപ്പോഴും പ്രൈവറ്റ് ജെറ്റുകള്‍ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. നയന്‍താരയ്ക്ക് സ്വന്തമായി ജെറ്റ് ഉണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നെങ്കിലും, യാഥാര്‍ഥ്യം വ്യത്യസ്തമാണെന്ന് ഹാലോ എയര്‍വേസ് സിഇഒ ഷോബി ടി പോള്‍ വ്യക്തമാക്കി.
ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി പോള്‍ ഈ വിശദീകരണം നല്‍കിയത്. ''വിജയ്, സിമ്പു തുടങ്ങിയവര്‍ ജെറ്റില്‍ യാത്ര ചെയ്യുന്നത് ശരിയാണ്. എന്നാല്‍ അവര്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ഹയര്‍ ചെയ്യുന്നതാണ്. സൗത്ത് ഇന്ത്യയിലെ ഒരു സിനിമാ താരത്തിനും സ്വന്തമായി ഫ്ളൈറ്റ് ഇല്ല,'' അദ്ദേഹം പറഞ്ഞു.
ഡിജിസിഐയുടെ കണക്കുകള്‍ പ്രകാരവും ഒരു സെലിബ്രിറ്റിയ്ക്കും സ്വന്തമായി ജെറ്റ് ഇല്ല. ''നയന്‍താരയ്ക്ക് ജെറ്റ് ഉണ്ടെന്ന പ്രചാരണം തെറ്റാണ്. അവരും നമ്മളെപ്പോലെ സേവനം ഹയര്‍ ചെയ്യുന്നതായിരിക്കും,'' ഷോബി പോള്‍ വ്യക്തമാക്കി. രവി പിള്ളയും യുസഫ് അലിയുമാണ് സ്വകാര്യ ജെറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്, അതും അവരുടെ വ്യക്തിഗത ഉപയോഗത്തിനായി മാത്രമാണ്.
കന്നഡ സൂപ്പര്‍ താരം യഷ് ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല താരങ്ങളും ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ നയന്‍താരയ്ക്ക് അമ്പത് കോടി വിലവരുന്ന ജെറ്റ് ഉണ്ടെന്ന വാര്‍ത്തകളും അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്കും ജെറ്റ് ഉണ്ടെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹാലോ എയര്‍വേസ് വ്യക്തമാക്കുന്നു.