Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡല്‍ഹി ചെങ്കോട്ട സ്ഫോടനക്കേസ്: ഭീകരര്‍ ലക്ഷ്യമിട്ടത് അയോധ്യയും കാശിയും; എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
reporter

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസില്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഭീകരാക്രമണ പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അയോധ്യയിലെ രാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയെ ലക്ഷ്യമിട്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സ്ഫോടനവുമായി ബന്ധപ്പെട്ട് 1500 ഓളം പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേറായ ഉമര്‍ വന്‍തോതിലുള്ള സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ല. രണ്ട് വര്‍ഷമായി അമോണിയം നൈട്രേറ്റ് ശേഖരിച്ചിരുന്നെങ്കിലും ഒരുമാസത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ മൂന്ന് കാറുകള്‍ വാങ്ങിയതില്‍ രണ്ടെണ്ണം അന്വേഷണ സംഘം കണ്ടെത്തിയതായും മൂന്നാമത്തെ കാറിനായി തിരച്ചില്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. ചുവന്ന എക്കോ സ്പോട്ട് വ്യാജ മേല്‍വിലാസത്തിലാണ് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. കാറില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും താരതമ്യപ്പെടുത്തിയാണ് സ്ഥിരീകരണം.

ഫരീദാബാദ്, ലഖ്‌നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ-മുഹമ്മദിന്റെ ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

10 അംഗ എന്‍ഐഎ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് കേസിന്റെ രേഖകള്‍ എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ട സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും ഡിഎംആര്‍സി താത്കാലികമായി അടച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window