തിരുവനന്തപുരം: സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഇ-ഹെല്‍ത്ത് പദ്ധതി 1001 ആശുപത്രികളില്‍ പൂര്‍ണമായി സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വരിയില്‍ നില്‍ക്കാതെ വേഗത്തിലും എളുപ്പത്തിലും ചികിത്സ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെ 2.63 കോടിയിലധികം പേര്‍ സ്ഥിര യുഎച്ച്ഐഡി (UHID) രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
താല്‍ക്കാലിക രജിസ്‌ട്രേഷനിലൂടെ 6.73 കോടിയിലധികം തവണ രോഗികള്‍ ചികിത്സ തേടിയതായും 16.85 ലക്ഷം പേര്‍ ഇ-ഹെല്‍ത്ത് മുഖേന ആശുപത്രിയില്‍ അഡ്മിറ്റായതായും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ പണമടയ്ക്കല്‍, ഒപി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് തുടങ്ങിയ സംവിധാനങ്ങള്‍ നിലവിലുണ്ട്. രണ്ടാമതും ചികിത്സ തേടുന്നവര്‍ക്ക് അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ (ehealth.kerala.gov.in) വഴിയോ എം-ഇ ഹെല്‍ത്ത് ആപ്പ് (Google Play Store ലിങ്ക്) വഴിയോ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. UHID സൃഷ്ടിക്കാനുള്ള നടപടികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കുന്നതോടെയാണ് ആരംഭിക്കുന്നത്. ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ 16 അക്ക UHIDയും പാസ്വേഡും മെസേജായി ലഭിക്കും. ഇതുപയോഗിച്ച് ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം.
സഹായത്തിനായി ദിശ ഹെല്‍പ്ലൈന്‍: 104, 1056, 0471 2552056, 2551056.